തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന ദിവ്യയെ സംഘടനയുടെ പുതിയ സംസ്ഥാന സമ്മേളനമാണ് ഭാരവാഹിത്വത്തിൽ നിന്നും കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്തത്.
അസോസിയേഷന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി സി.എസ്. സുജാതയെ തിരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് പ്രസിഡന്റ്. ഇ. പത്മാവതിയെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. 116 അംഗ സംസ്ഥാന കമ്മിറ്റിയെയും 36 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയുമാണ് സമ്മേളനം അംഗീകരിച്ചത്.
വരുന്ന ജനുവരി 25, 27, 28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുമെന്ന് പി.കെ. ശ്രീമതി ടീച്ചർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 700 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാന്നിധ്യവും ചർച്ചകളിലെ പങ്കാളിത്തവും ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. സമ്മേളനം ആകെ 17 പ്രമേയങ്ങൾ പാസാക്കിയതായും പുതിയ ഭാരവാഹികൾ അറിയിച്ചു.
