പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുക്കുന്ന അത്യാധുനിക കാത്തിരിപ്പ് കേന്ദ്രം 'കനിവിടം' പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. ആശുപത്രിയിൽ എത്തുന്നവർക്ക് വിശ്രമിക്കാനും കാത്തിരിക്കാനും സൗകര്യപ്രദമായ ഇടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കനിവിടം നിർമ്മിക്കുന്നത്. ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ബന്ധുക്കൾക്ക് മെച്ചപ്പെട്ട സൗകര്യം നൽകാനും പുതിയ കേന്ദ്രം സഹായിക്കും.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ട് ഡോ. കെ. സുദീപ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. മധു, വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ഷീബാ ദാമോദർ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. സജി, ആർക്കിടെക്റ്റ് പ്രവീൺ ചന്ദ്ര, ആർ.എം.ഒ. ഡോ. കെ.പി. മനോജ് കുമാർ, ഡോ. ഡി.കെ. മനോജ് എന്നിവർ സംസാരിച്ചു
