Zygo-Ad

കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപ്പിടുത്തം: രണ്ട് കോടിയുടെ നാശനഷ്ടം; തീയണച്ചത് 6 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ


 കണ്ണൂർ: ചിറക്കൽ കീരിയാട് പ്രവർത്തിക്കുന്ന സെഞ്ച്വറി പ്ലൈവുഡ്‌സിൽ ഉണ്ടായ വൻ തീപ്പിടുത്തത്തിൽ ഏകദേശം രണ്ട് കോടി രൂപയുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഫാക്ടറിയിൽ തീപ്പിടുത്തമുണ്ടായത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ 11 മണി വരെ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

റീജിനൽ ഫയർ ഓഫീസർ പി. രഞ്ജിത്ത്, കണ്ണൂർ സ്റ്റേഷൻ ഓഫീസർ പി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 40 ഓളം സേനാംഗങ്ങൾ ഉച്ചവരെ തീയണക്കൽ നടപടികൾ തുടർന്നു. വളപട്ടണം സ്വദേശി കെ.എസ്. അബ്ദുൾ സത്താറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഇന്നലെ രാത്രി ജോലി ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഫാക്ടറിക്ക് സമീപം താമസിക്കുന്ന തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.

ഫാക്ടറിയിലെ ബോയിലർ, ഡയർ, ഫീലിംഗ് മെഷീനുകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. വൻതോതിൽ സൂക്ഷിച്ചിരുന്ന പ്ലൈവുഡും വിനീറും ഷെഡിന്റെ മേൽക്കൂരയും അഗ്നിക്കിരയായി. വളപട്ടണം പുഴയിൽ നിന്ന് വെള്ളം ശേഖരിച്ചാണ് അഗ്നിശമന സേന തീയണച്ചത്. ജെ.സി.ബി ഉപയോഗിച്ച് സാധനങ്ങൾ നീക്കം ചെയ്ത ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ആഴ്ചകൾക്ക് മുൻപ് തലശ്ശേരി കണ്ടിക്കലിലുണ്ടായ തീപ്പിടുത്തത്തിന് സമാനമായ സാഹചര്യമായിരുന്നു ഇവിടെയുമെന്ന് അധികൃതർ വിലയിരുത്തി.



Previous Post Next Post