കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ആകെ ആശങ്കയിലാക്കി കെ സുധാകരന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
ഈ നിയമ സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് സുധാകരന്റെ നീക്കം. ഹൈക്കമാന്റിന്റെ അനുനയ നീക്കങ്ങള്‍ എല്ലാം പാളിക്കഴിഞ്ഞു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളിലേക്ക് സുധാകരന്‍ കടന്നുകഴിഞ്ഞു എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
നോണ്‍ ലയബലിറ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതി ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണിയാണ് സുധാകരന്‍ മുഴക്കയിരിക്കുന്നത്.
സുധാകരന്റെ ഭീഷണിയ്ക്ക് ഹൈക്കമാന്‍ഡ് വഴങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളെല്ലാം തന്നെ സധാകരനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വൃഥാവിലായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
സുധാകരന് സീറ്റ് ലഭിച്ചില്ലെങ്കില്‍ അത് കണ്ണൂര്‍ മണ്ഡലത്തില്‍ മാത്രമല്ല, സമീപ മണ്ഡലങ്ങളിലും ജില്ലകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന സൂചനകളാണ് അദ്ദേഹത്തിന്റെ അണികള്‍ നല്‍കുന്നത്.
കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഉയര്‍ന്ന പോസ്റ്ററുകളും ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കുന്നതാണ്.
കെ സുധാകരനെ പിണക്കിക്കൊണ്ട് ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യമാണ് കെ സുധാകരന്‍.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് താത്പര്യമില്ലാതിരുന്നിട്ടും പാര്‍ട്ടി തീരുമാനം അനുസരിച്ച് മത്സരിക്കുകയായിരുന്നു എന്നാണ് സുധാകരന്റെ പക്ഷം.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയതിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം തന്റെ നിരാശ പൂര്‍ണമായും പ്രകടമാക്കുന്ന ഒന്നായിരുന്നു.
സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ ഇങ്ങനെ
1980- എടക്കാട് മണ്ഡലം- ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥി- പി.പി.വി മൂസയോട് പരാജയപ്പെട്ടു.
1982- എടക്കാട് മണ്ഡലം- സ്വതന്ത്ര സ്ഥാനാര്‍ത്ഥി- എകെ ശശീന്ദ്രനോട് പരാജയപ്പെട്ടു
1987- തലശ്ശേരി മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- കോടിയേരി ബാലകൃഷ്ണനോട് പരാജയപ്പെട്ടു.
1991- എടക്കാട് മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- ഒ ഭരതനോട് പരാജയപ്പെട്ടു.
1996- കണ്ണൂര്‍ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തി വിജയിച്ചു
2001- കണ്ണൂര്‍ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- കാസിം ഇരിക്കൂറിനെ പരാജയപ്പെടുത്തി വിജയിച്ചു
2006- കണ്ണൂര്‍ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി - കെ.പി സഹദേവനെ പരാജയപ്പെടുത്തി വിജയിച്ചു
2009- കണ്ണൂര്‍ ലോക്‌സഭ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി - പി.കെ ശ്രീമതിയോട് പരാജയപ്പെട്ടു
2016- ഉദുമ നിയമസഭ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- കെ കുഞ്ഞിരാമനോട് പരാജയപ്പെട്ടു
2019- കണ്ണൂര്‍ ലോക്‌സഭ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- പി.കെ ശ്രീമതിയെ പരാജയപ്പെടുത്തി വിജയിച്ചു
2024- കണ്ണൂര്‍ ലോക്‌സഭ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- എം.വി ജയരാജനെ പരാജയപ്പെടുത്തി വിജയിച്ചു.
