ചേലേരി: ചേലേരിയിൽ വീണ്ടും തെരുവ്നായ ആക്രമണം. വൈദ്യർകണ്ടിക്ക് സമീപത്തു വെച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചേലേരി കാറാട്ട് വയൽകുളത്തിന് സമീപം താമസിക്കുന്ന കെ.മുരളീധരനാണ് (72) ഇന്ന് രാവിലെ നായയുടെ കടിയേറ്റത്.
നായയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മുരളീധരൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്.
കാൽനട യാത്രക്കാരാണ് കൂടുതലും നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. റോഡരികിലും മറ്റും കൂട്ടത്തോടെ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.
പഞ്ചായത്തും മറ്റ് അധികൃതരും ഉടൻ ഇടപെട്ട് തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനും പരിക്ക് പറ്റിയവർക്ക് ആശ്വാസ സഹായങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
