Zygo-Ad

നഗരമധ്യത്തിലെ ആശുപത്രിയിൽ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു



img_0774.jpg

കണ്ണൂർ: നഗരമധ്യത്തിലുള്ള ആശുപത്രിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു. സമീപത്തെ രണ്ട് വീടുകളിൽ കവർച്ചശ്രമവും നടന്നതായി വിവരം. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിന് സമീപമുള്ള മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സമീപത്തെ വീടുകളിലെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് കള്ളൻ ആശുപത്രിക്കകത്ത് കടന്നത്.

മുഖം തുണികൊണ്ട് മറച്ച് ആയുധവുമായി എത്തിയ മോഷ്ടാവ് പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് ഒന്നാം നിലയിൽ പ്രവേശിച്ചു. ഗോവണി വഴി താഴത്തെ നിലയിലെ റിസപ്ഷൻ കൗണ്ടറിൽ എത്തിയ ശേഷം കൈയിലെ ടോർച്ച് ഉപയോഗിച്ച് ചുറ്റും പരിശോധിച്ചു. തുടർന്ന് ആയുധം ഉപയോഗിച്ച് മേശവലിപ്പ് കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന 50,000 രൂപ കവർന്നു. പണം കൈക്കലാക്കിയതോടെ കള്ളൻ ധൃതിപിടിച്ച് പുറത്തേക്കോടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം.

രാവിലെ ആശുപത്രിയിൽ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം മനസ്സിലാക്കിയത്. തുടർന്ന് ടൗൺ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ആശുപത്രി മാനേജർ പി.കെ.പി. ഷാജറിന്റെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

വലതുകൈയിൽ മൂർച്ചയേറിയ വാക്കത്തിപോലുള്ള ആയുധം, മുഖം തുണികൊണ്ട് വരിഞ്ഞുകെട്ടിയ നില, ആശുപത്രിയുടെ അരമതിൽ ചാടിക്കടന്ന് അകത്ത് കയറി മേശവലിപ്പ് തകർത്തെടുക്കുന്ന ദൃശ്യങ്ങൾ—സിസിടിവിയിൽ വ്യക്തമാണ്. മോഷ്ടാവ് ആശുപത്രിയിൽ കയറുമ്പോൾ പുറത്തുള്ള വാഹന പാർക്കിംഗ് ഏരിയയിൽ രണ്ടുപേർ കാവലായി നിന്നതായി ദൃശ്യങ്ങളിൽ കാണുന്നു.

പകൽ നേരം തന്നെ പരിസരം നിരീക്ഷിച്ച ശേഷമാണ് സംഘം കവർച്ചയ്ക്കെത്തിയതെന്ന് പോലീസ് സൂചന. സമീപത്തെ രണ്ട് വീടുകളിൽ നടത്തിയ കവർച്ചശ്രമം പരാജയപ്പെട്ടതോടെയാണ് ആശുപത്രിയെ ലക്ഷ്യമിട്ടതെന്ന് കണ്ടെത്തൽ.

കടുംപച്ച നിറത്തിലുള്ള ടീഷർട്ടും ട്രൗസറും ധരിച്ചായിരുന്നു മുഖ്യ പ്രതി. പിറകുവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് പൊളിച്ച് അകത്തുകയറി. അതിനുശേഷം ഒന്നാം നിലയിൽനിന്ന് ഗോവണി വഴി ഇറങ്ങി റിസപ്ഷൻ ഭാഗത്ത് എത്തുകയും പണം കവർന്നെടുക്കുകയും ചെയ്തു.

Previous Post Next Post