Zygo-Ad

റിയൽ കേരള സ്റ്റോറി: മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; മതമൈത്രിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

 


കണ്ണൂർ: മുത്തപ്പൻ മടപ്പുര സന്നിധിയിൽ അയ്യപ്പ സ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരന്മാർ. മതമൈത്രിയുടെയും സൗഹൃദത്തിന്റെയും മഹത്തായ കാഴ്ചയൊരുക്കി കൊല്ലം അൽ ബദ്‌രിയ ദഫ് മുട്ട് സംഘമാണ് കണ്ണൂരിലെ ക്ഷേത്രോത്സവത്തിന് മാറ്റേകിയത്. തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുരയുടെ മുറ്റത്തായിരുന്നു ദഫ് മുട്ടിന്റെ ശ്രദ്ധേയമായ അവതരണം നടന്നത്.

മുത്തപ്പൻ സന്നിധിയിൽ മാപ്പിളപ്പാട്ടും പ്രവാചകന്റെ മദ്ഹുകളും ഇശലുകളാക്കിയും, ഒപ്പം അയ്യപ്പ ഭജനകൾക്ക് ചുവടുവെച്ചും സംഘം കാണികളെ വിസ്മയിപ്പിച്ചു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും 'റിയൽ കേരള സ്റ്റോറി' എന്ന തലക്കെട്ടോടെ ശ്രദ്ധനേടുകയും ചെയ്തു.

ഡിസംബർ നാലിന് ആരംഭിച്ച ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയായിരുന്നു കലാപരിപാടി അരങ്ങേറിയത്. മനയത്തുവയൽ മുതൽ ക്ഷേത്രം വരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരന്മാർ അണിനിരന്നു. അറബിയും ഒട്ടകങ്ങളും, കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.

പ്രമേയങ്ങളുടെ പേരിൽ നാടകങ്ങളും നൃത്തങ്ങളും തടയുന്ന പുതിയ കാലത്ത്, ഒരു നാടും ക്ഷേത്രഭാരവാഹികളും ചേർന്ന് ദഫ് കലാകാരന്മാരെ ചേർത്തുപിടിച്ച ഈ നടപടിക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്. ക്ഷേത്രമഹോത്സവം ഞായറാഴ്ച സമാപിക്കും.



Previous Post Next Post