പയ്യന്നൂർ: രാമന്തളി വടക്കുംബാടിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മക്കളെ വിട്ടുനൽകണമെന്ന കോടതി ഉത്തരവിൽ മനംനൊന്ത് യുവാവ് മക്കളെയും സ്വന്തം അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
രാമന്തളി വടക്കുംബാട് സ്വദേശി കെ.ടി. കലാധരൻ (38), മാതാവ് ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും, കുട്ടികളെ തറയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയതാകാമെന്നാണ് സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നിലവിലുണ്ടായിരുന്നു. നിലവിൽ കലാധരനൊപ്പമായിരുന്ന മക്കളെ, അമ്മയായ നയൻതാരയ്ക്കൊപ്പം വിടാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടു. വിധി വന്നതിന് പിന്നാലെ നയൻതാര ഫോണിൽ വിളിച്ച് മക്കളെ ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നതെന്നും ബന്ധുക്കൾ പറയുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ കലാധരന്റെ പിതാവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോഴാണ് വീട് അടച്ചിട്ട നിലയിൽ കണ്ടത്. വീടിന് മുന്നിൽ വെച്ചിരുന്ന കുറിപ്പ് കണ്ട ഉണ്ണികൃഷ്ണൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി വീട് തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
