കണ്ണൂർ: കാലിക്കറ്റ് സർവകലാശാലയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് കണ്ണൂർ സർവകലാശാലക്ക് ദക്ഷിണ മേഖല അന്തർ സർവകലാശാല പുരുഷ ഫുട്ബോളില്‍ ചരിത്ര വിജയം.
അനിശ്ചിതത്വവും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിലാണ് കണ്ണൂർ ചാന്പ്യൻമാരായത്. ആദ്യപകുതിയില്‍ തന്നെ കണ്ണൂർ ആധിപത്യം ഉറപ്പിച്ചിരുന്നു. 29-ാം മിനിറ്റില്‍ പാർഥിവിലൂടെ ലക്ഷ്യം കണ്ട കണ്ണൂർ വെറും രണ്ട് മിനിറ്റിനുള്ളില്‍ ജ്യോതിഷിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി കാലിക്കട്ടിനെ സ്തബ്ധരാക്കി. എന്നാല്‍ രണ്ടാംപകുതിയില്‍ കാലിക്കട്ട് ആഞ്ഞടിച്ചു.
63-ാം മിനിറ്റില്‍ ആസിഫിലൂടെ ഒരു ഗോള്‍ മടക്കിയ കാലിക്കട്ട് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 87-ാം മിനിറ്റില്‍ കണ്ണൂരിന്റെ രക്ഷകനായി അശ്വിൻ അവതരിച്ചത്.
അശ്വിന്റെ മിന്നൽ ഗോള്‍ കണ്ണൂരിന് വിജയമുറപ്പിച്ചു. (3-1). ഇഞ്ചുറി ടൈമില്‍ (90+2) കാലിക്കറ്റിനായി സനൂബ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും കണ്ണൂരിന്റെ വിജയ യാത്ര തടയാൻ അത് പര്യാപ്തമായിരുന്നില്ല.
ഉച്ചയ്ക്ക് ഒന്നിന് നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ എംജി സർവകലാശാല ജോയ് യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. നാലാം മിനിറ്റില്‍ ഫാരിസ് അലി നേടിയ ഗോളാണ് എംജിക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ എംജി സർവകലാശാല ടൂർണമെന്റില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഫുട്ബോൾ ഇതിഹാസങ്ങള്‍ സാക്ഷി
തേഞ്ഞിപ്പലം: കേരളത്തിന്റെ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ അണിനിരന്ന വേദിയിലായിരുന്നു ചാമ്പ്യൻഷിപ്പിന്റെ സമാപനം. വിജയികള്‍ക്കുള്ള ട്രോഫികള്‍ വൈസ് ചാൻസലർ ഡോ.പി. രവീന്ദ്രൻ സമ്മാനിച്ചു.
ചടങ്ങില്‍ യു. ഷറഫലി, അനസ് എടത്തൊടിക, വിക്ടർ മഞ്ഞില തുടങ്ങി കാലിക്കറ്റിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച മുൻ താരങ്ങളെ സർവകലാശാല ആദരിച്ചത് സമാപന ചടങ്ങിന് വികാര നിർഭരമായ മാറ്റു കൂട്ടി.
തോല്‍വി അറിയാതെ കുതിച്ച കാലിക്കറ്റിനെ അവരുടെ തട്ടകത്തില്‍ വച്ച് തന്നെ വീഴ്ത്തി കണ്ണൂർ കിരീടം ചൂടുമ്പോൾ അത് ദക്ഷിണേന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലുകളില്‍ ഒന്നായി മാറുകയായിരുന്നു.
