അത്താഴക്കുന്ന്: കാൽനട യാത്രക്കാരനായ അത്താഴക്കുന്ന് സ്വദേശി ഇബ്രാഹിമിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ടെത്തി.
ഡിസംബർ 3 രാവിലെ 11.45 മണിയോടെയാണ് അപകടം നടന്നത്. ഇബ്രാഹിമിനെ ഇടിച്ച ശേഷം കാർ സമീപത്തെ മതിലിലും ഇടിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ആദ്യം കണ്ണൂർ ഗവൺമെൻറ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അദ്ദേഹം നിലവിൽ ചികിത്സയിൽ തുടരുകയാണ്.
അപകട സ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. 'കറുത്ത കാറാണ് ഇടിച്ചത്' എന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ, വാഹനം വന്നതും പോയതുമായ ദിശകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
അത്താഴക്കുന്ന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ ഇയാളുടെ ബന്ധുവാണ് ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം കാർ വർക്ക് ഷോപ്പിൽ കൊണ്ടു പോയി അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിച്ചു വരികയായിരുന്നു.
നാട്ടുകാരും വ്യാപാരികളും നൽകിയ നിർണായക വിവരങ്ങൾ പോലീസിന് നിർണ്ണായകമായി.
കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പോയിലിൻ്റെ നിർദ്ദേശാനുസരണം ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ പി.എ, എസ്.ഐ ഷാജി പി.കെ, എസ്.സി.പി.ഒ ബൈജു, സി.പി.ഒ നാസർ സി.പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തിയത്. ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
