Zygo-Ad

മഞ്ഞപ്പിത്ത പകര്‍ച്ചവ്യാധി; ജില്ലയില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്


കണ്ണൂർ: ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ശ്രീകണ്ടാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. 

സ്‌കൂളിനു പുറത്ത് വിവിധ കടകളില്‍ നിന്നും മോര്, ജ്യൂസ് ഉള്‍പ്പെടെ തണുത്ത പാനീയങ്ങള്‍ കുടിച്ചവരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കടകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. 

പാനീയങ്ങള്‍ വിതരണം ചെയ്ത കടകള്‍ക്ക് നോട്ടീസ് നല്‍കി അടപ്പിച്ചു. ഈ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേ കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

 കിണര്‍ വെള്ളത്തില്‍ നിന്നും വലിയ തോതില്‍ ഇ കോളിയുടെ സാനിധ്യം കണ്ടെത്തി. കിണറിന്റെ തൊട്ടടുത്ത്  ടോയ്ലെറ്റ് ടാങ്ക് ഉണ്ട്. 

കിണര്‍ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്നതായും കണ്ടെത്തി. ശ്രീകണ്ടാപുരം, കൂട്ടുമുഖം, ചെങ്ങളായി, മലപ്പട്ടം മേഖലകളിലാണ് രോഗ ബാധിതര്‍ കൂടുതലായുള്ളത്.

 മേഖലയിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ആരോഗ്യ വകുപ്പ്  പരിശോധിച്ചു വരികയാണ്. ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റിയില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തു. 

സ്‌കൂളില്‍ പ്രത്യേക അസംബ്ലിയും ചേര്‍ന്നു. ടോയ്‌ലറ്റ് ഹാന്‍ഡ് വാഷിംങിന്റെ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ സ്‌കൂളുകളില്‍ പതിപ്പിച്ചു. ക്ലാസുകളില്‍ ബോധവല്‍കരണ പരിപാടി നടത്തി. 

മഞ്ഞപിത്ത ബാധിതരുള്ള വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നോട്ടീസുകള്‍ വിതരണം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ.ടി രേഖ യുടെ നിര്‍ദേശ പ്രകാരം ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. കെ.സി സച്ചിന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില്‍ രാജ്, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ടി സുധീഷ്, ചെങ്ങളായി  കൂട്ടുമുഖം ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഒ പ്രസാദ്, കെ. സനല്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Previous Post Next Post