പറശ്ശിനിക്കടവ്: ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം.
പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് ആരംഭം കുറിക്കും.
ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കുന്നു.
തുടർന്ന് 3 മണി മുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ച വരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തോടു കൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ച്ച വരവുകൾ മുത്തപ്പ സന്നിധിയിൽ പ്രവേശിക്കുന്നു.
സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുന്നു.
ഡിസംബർ 3ന് പുലർച്ചെ 5.30 ന് തിരുവപ്പന ആരംഭിക്കുകയും തുടർന്ന് രാവിലെ 10 മണിയോടു കൂടി തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും വന്ന കാഴ്‌ച വരവുകാരെയും ശ്രീ മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കുന്നു.
ഡിസംബർ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. തുടർന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.
ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളി യോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഡിസംബർ 5ന് കുചേല വൃത്തം, കിരാതം, ഡിസംബർ 6ന് കല്യാണ സൗഗന്ധികം എന്നീ കഥകളിയും ഉണ്ടായിരിക്കുന്നതാണ്.
ഇതോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പി എം സുജിത്ത്, പി എം സുജിത്ത് കുമാർ, പി എം വിനോദ്, പി എം സജീവൻ എന്നിവർ പങ്കെടുത്തു.
