കണ്ണൂർ: താഴെ ചൊവ്വയ്ക്കും കിഴുത്തള്ളിക്കും മധ്യേ കണ്ടെയ്നർ ലോറി റോഡരികിലെ മരത്തിലിടിച്ച് മരക്കൊമ്പ് പൊട്ടി വീണത് ഓടി കൊണ്ടിരിക്കുന്ന കാറിന് മുകളിൽ.
ശനി രാത്രി ഒൻപതരയോടെയാണ് അപകടം. തളിപ്പറമ്പിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മരത്തിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പൊട്ടിയ മരക്കൊമ്പ് ഇതേ ദിശയിൽ യാത്ര ചെയ്യുകയായിരുന്ന കാറിന് മുകളിൽ വീഴുകയായിരുന്നു. കാർ യാത്രികർ നിസാര പരുക്കുകളോടെ പ്രാഥമിക ചികിത്സതേടി.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. കണ്ണൂരിൽ നിന്നും അഗ്നിരക്ഷ സേനയെത്തി ക്രെയിൻ ഉപയോഗിച്ചാണ് കാറിനും ഭാഗികമായി ലോറിക്കും മേലെ പതിച്ച മരക്കൊമ്പ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.
ലോറിയിലെ കണ്ടെയ്നർ കാലി ആയിരുന്നുവെന്ന് അഗ്നിരക്ഷ സേനാംഗങ്ങൾ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം സിനോജ്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ഷിജോ, ശ്രീകേഷ്, മഗേഷ്, ഡ്രൈവർ പ്രിയേഷ്, ഹോം ഗാർഡ് ലക്ഷ്മണൻ എന്നിവരാണ് അഗ്നിരക്ഷ സേനയിൽ ഉണ്ടായിരുന്നത്.
