കണ്ണൂർ: പാലത്തായി യു.പി. സ്കൂളിലെ അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. പോക്സോ നിയമപ്രകാരം വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിനും പിഴശിക്ഷക്കും വിധിച്ചതിനെ തുടർന്നാണ് മാനേജ്മെന്റ് നടപടി.
കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ, അദ്ധ്യായം XIV-A, ചട്ടം 77-A പ്രകാരമുള്ള നിർദേശങ്ങൾ അനുസരിച്ച് കുറ്റക്കാരനാണെന്ന് വ്യക്തമായ അധ്യാപകൻ സേവനത്തിൽ തുടരാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ശിക്ഷ വിധിക്കപ്പെട്ട സാഹചര്യത്തിൽ അധ്യാപക സ്ഥാനം സ്വതവേ നഷ്ടമായതിനാൽ നിയമപരമായ പ്രക്രിയ പൂർത്തിയാക്കി പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചതാണെന്ന് മാനേജർ അറിയിച്ചു.
ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിലാണ് പത്മരാജനെതിരെ കോടതി കർശനമായ ശിക്ഷ പ്രഖ്യാപിച്ചത്. കേസ് വിധിയും തുടർനടപടികളും വിദ്യാഭ്യാസ വകുപ്പിനും ബന്ധപ്പെട്ട അധികാരികൾക്കും അറിയിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
വലിയ ചർച്ചകൾക്ക് ഇടയാക്കിയ ഈ കേസിൽ ശിക്ഷയും പിന്നീട് വന്ന പിരിച്ചുവിടലും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശ്വാസത്തോടെയാണ് സ്വീകരിക്കുന്നത്.
