Zygo-Ad

റിട്ടേണിംഗ് ഓഫീസര്‍ സിപിഐഎം ഭീഷണിക്ക് വഴങ്ങി: മലപ്പട്ടത്ത് പത്രികതള്ളപ്പെട്ട നിത്യശ്രീ


കണ്ണൂർ: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മലപ്പട്ടം കോവുന്തല വാർഡില്‍ പത്രിക തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീ രംഗത്ത്.

റിട്ടേണിംഗ് ഓഫീസർ സിപിഐഎം ഭീഷണിക്ക് വഴങ്ങിയെന്നും പത്രികയിലേത് തന്റെ ഒപ്പ് തന്നെയാണെന്ന് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണെന്നും നിത്യശ്രീ പറഞ്ഞു. അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടാണ് നിത്യശ്രീയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്.

സൂക്ഷ്മ പരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു ഇതിന് പിന്നാലെ നിത്യശ്രീയെ വിളിച്ചു വരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നില്‍ വെച്ച്‌ മറ്റൊരു പേപ്പറില്‍ ഒപ്പ് ഇട്ടു നല്‍കാൻ ആവശ്യപ്പെടുകയായിരുന്നു. 

നിത്യശ്രീ സമർപ്പിച്ച നോമിനേഷനിലെ ഒപ്പും ആർഒയുടെ മുന്നില്‍ വെച്ച്‌ ഇട്ടുനല്‍കിയ ഒപ്പും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് കണ്ടെത്തുകയും ഇതോടെ പത്രിക തള്ളുകയുമായിരുന്നുവെന്നാണ് വിവരം.

സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതോടെ റിട്ടേണിങ് ഓഫീസർ പത്രിക തള്ളുകയായിരുന്നുവെന്നും ഓഫീസറുടെ മുന്നില്‍ വച്ച്‌ തന്നെയാണ് ഒപ്പിട്ടതെന്നും നിത്യശ്രീ പറഞ്ഞു.

 ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നല്‍കുമെന്നും നിത്യശ്രീ വ്യക്തമാക്കി. വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിന്റെ എം വി ഷിഗിന എതിരില്ലാതെ വിജയിച്ചു.

അതേ സമയം കണ്ണൂരില്‍ സ്ഥാനാർത്ഥികളെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ ശ്രമിച്ചെന്ന് ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. 

ആന്തൂരിലും മലപ്പട്ടത്തും പത്രിക നല്‍കിയവരെ സിപിഐഎം ഭീഷണിപ്പെടുത്തി. പത്രിക പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. 

മലപ്പട്ടത്തെ സ്ഥാനാർത്ഥി റിട്ടേണിങ് ഓഫീസറുടെ മുന്നില്‍ വച്ചാണ് പത്രിക നല്‍കി ഒപ്പിട്ടത്. എന്നിട്ടും ഒപ്പ് വ്യാജം എന്ന് പറഞ്ഞ് കോവുന്തല വാർഡിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Previous Post Next Post