കണ്ണൂർ: കണ്ണൂർ കാല്‍ ടെക്സ് ജങ്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് കോർപറേഷൻ മേയർ ഉദ്ഘാടനം ചെയ്ത എ.സി ഹൈടെക് ബസ് സ്റ്റോപ്പിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.
ഇന്ന് രാവിലെയാണ് ഈ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. മുൻവശത്തെ ഗ്ളാസാണ് തകർന്നത്. ഇതോടെ പൂർണമായി ശീതികരിച്ച ബസ് ഷെല്‍ട്ടറിൻ്റെ പ്രവർത്തനവും അവതാളത്തിലായി.
ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകർത്തതാണോയെന്ന സംശയം പൊലിസിനുണ്ട്. കണ്ണൂർ ടൗണ്‍ പൊലിസ് സി. സി. ടി. വി ക്യാമറ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരികയാണ്.
40 ലക്ഷം രൂപ ചെലവില്‍ കൂള്‍ വെല്‍ എന്ന സ്വകാര്യ കമ്പനിയാണ് കണ്ണൂർ കോർപറേഷൻ വിട്ടു കൊടുത്ത സ്ഥലത്ത് സോളാറില്‍ പ്രവർത്തിക്കുന്ന എസി ബസ് ഷെല്‍ട്ടർ സ്ഥാപിച്ചത്.
സോളാറില്‍ പ്രവർത്തിക്കുന്ന സം സ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെല്‍ട്ടറാണിത്. ഷെല്‍ട്ടറിനുള്ളിലെ ക്യാമറകള്‍ പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോഴാണ് പുറം ലോകമറിയുന്നത്.