കണ്ണൂര്‍: വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ചില സ്‌കൂളുകളില്‍ വില്‍പ്പന നടത്തി പണം പിടിഎ ഫണ്ടിലേക്ക് സ്വരുക്കൂട്ടുന്നത് തെറ്റായ പ്രവണതയാണെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍.
സ്‌കൂളുകളില്‍ പരിശോധന സംബന്ധിച്ച കമ്മിഷന്‍ ഉത്തരവുകള്‍ പലരും തെറ്റിദ്ധരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടം മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്.
വിദ്യാര്‍ഥികളില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുക്കുമ്പോള്‍ രക്ഷിതാക്കളെ അറിയിച്ച് ഫോണ്‍ തിരികെ നല്‍കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നും മനോജ്കുമാര്‍ പറഞ്ഞു.
ബാഗ് പരിശോധനകള്‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കാത്ത വിധത്തില്‍ മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.