കണ്ണൂർ:തളിപ്പറമ്പ് പട്ടണത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സാമ്പത്തിക സഹായം നല്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ തുടങ്ങിയ തീപിടുത്തം സമീപത്തെ മറ്റു കടകളിലേക്ക് പടരുകയായിരുന്നു. നൂറ്റിപത്തു കടമുറികൾ പൂർണമായും കത്തിയമർന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.
കടുത്ത പ്രതിസന്ധിയിലൂടെയാണ് കൊച്ചു വ്യാപാരികൾ കടന്നുപോകുന്നത്. ബാങ്ക് വായ്പകളും മറ്റും എടുത്തു വ്യാപാരം നടത്തിയിരുന്ന ഇവർക്കു ഈ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഇവരുടെ തിരിച്ചുവരവ് ചോദ്യചിഹ്നമാകും.
ഇത്തരം അത്യാഹിതങ്ങൾ സംഭവിച്ച ഘട്ടങ്ങളിലെല്ലാം സർക്കാരുകൾ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. അഗ്നിബാധയിൽ എല്ലാം നഷ്ടപ്പെട്ട് ആത്‌മഹത്യയുടെ മുന്നിലാണ് തളിപ്പറമ്പിലെ വ്യാപാരികൾ. ഇവരുടെ കണ്ണീർ കാണാതെ പോകരുതെന്ന് രാജു അപ്സര പറഞ്ഞു.