കണ്ണൂർ: ചെറുകുന്നില്‍ ബി.ജെ.പി. നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്.
അക്രമം തുടർന്നാല്‍ സി.പി.എം. നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബെറിയുമെന്നും "കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീർ വീഴ്ത്തുമെന്നും" ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി പ്രസംഗിച്ചു.
ചെറുകുന്നില്‍ ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിനുനേരെ ഇന്ന് രാവിലെ ബോംബേറുണ്ടായ സംഭവത്തില്‍, കണ്ണപുരം റെയില്‍വേ സ്റ്റേഷന് മുൻപില്‍ നടന്ന പ്രതിഷേധ യോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം.
സി.പി.എം. ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകള്‍ തങ്ങള്‍ക്ക് അറിയാമെന്നും, ഓരോരുത്തരുടെയും വീട്ടില്‍ പോകാൻ തങ്ങള്‍ക്ക് സാധിക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു.
നേതാക്കളുടെ മക്കള്‍ എവിടെ പഠിക്കുന്നു, എവിടെയെല്ലാം പോകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്കറിയാമെന്നും ഭീഷണി മുഴക്കി.
"ഞങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കണ്ണില്‍ നിന്നല്ല, നിങ്ങളുടെ നെഞ്ചത്ത് നിന്ന് കണ്ണീര് ഏല്‍പ്പിക്കാൻ ഞങ്ങള്‍ക്ക് സാധിക്കും."
പൊലീസുദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം, പൊലീസ് കൃത്യമായി പ്രവർത്തിച്ചില്ലെങ്കില്‍ നിയമം തങ്ങള്‍ കയ്യിലെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിയമം നടപ്പാക്കാൻ തങ്ങള്‍ക്ക് സ്വന്തമായി കോടതി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. നേതാവിന്റെ വീടിന് നേർക്കുണ്ടായ ആക്രമണം സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. സി.പി.എം. ഈ ആരോപണം തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ബി.ജെ.പി.
പ്രകോപനപരമായ പ്രസംഗവുമായി രംഗത്തെത്തിയത്. അതേസമയം, വിനു വിജു നാരായണന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും, ബി.ജെ.പി. നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഇതുവരെ കേസുകളോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല.
