കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചെറുപുഴ കാക്കയംചാല്‍ സ്വദേശി കെ.പി.റബീലിനെയാണ് ചെറുപുഴ എസ്‌എച്ച്‌ഒ എം.പി. വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ മോചിതയായ യുവതിയുമായി സൗഹൃദം സൃഷ്ടിച്ച് വിവാഹ വാഗ്ദാനം നല്‍കി, കഴിഞ്ഞ നാല് വർഷമായി ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പലപ്പോഴായി ഏഴു ലക്ഷത്തോളും രൂപ കൈക്കലാക്കി വഞ്ചിച്ചെന്നുമാണ് പരാതി. നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണ് റബീൽ എന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
ബംഗളൂരു, കുടിയാന്മല പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.