Zygo-Ad

കണ്ണൂരിൽ ഷുക്കൂര്‍ വധത്തിനു പിന്നാലെ നടന്ന ആക്രമണം; പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരണപ്പെട്ടു


കണ്ണൂര്‍: തളിപ്പറമ്പില്‍ ആക്രമണത്തില്‍ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരണപ്പെട്ടു.

കണ്ണൂര്‍ അരിയില്‍ വള്ളേരി മോഹനനാണ് (60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. 

കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം ഉന്നയിക്കുന്നത്.

അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. മോഹനനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോഹനന്റെ മരണത്തിന് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളും സജീവമായി.

 ഇതോടെ ആരോപണങ്ങള്‍ തള്ളി ലീഗും രംഗത്തെത്തി. മോഹനന്റെ മരണം സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്ന ലീഗിന്റെ ആക്ഷേപമാണ് പുറത്ത് വരുന്നത്.. 

കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് മോഹനന്റെ മരണം എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രതിരോധം.

Previous Post Next Post