കണ്ണൂർ :ഓൺലൈൻ തട്ടിപ്പിന് ഇരയായി ജില്ലയിൽ മൂന്നുപേർക്ക് പണം നഷ്ടമായി. സൈബർ പൊലീസ് കേസെടുത്തു. ഫെയ്‌സ് ബുക്കിൽ പരസ്യം കണ്ട് ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യാൻ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ചക്കരക്കൽ സ്വദേശികൾക്ക് യഥാക്രമം 20,000, 8,600 രൂപ നഷ്‌ടമായി. പണം നൽകിയശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. വാട്‌സാപ്പ് വഴി ട്രേഡിങ് ചെയ്യാൻ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ താണ സ്വദേശിക്ക് 13,701 രൂപ നഷ്ടമായി. പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
ഒഎൽഎക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ വാട്‌സാപ്പ് വഴി ചാറ്റു ചെയ്ത് പണം നൽകിയ ചക്കരക്കൽ സ്വദേശിക്ക് 8,000 രൂപ നഷ്ടമായി. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുക യോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് പരാതി രജിസ്റ്റർചെയ്യുകയോ വേണമെന്ന് സൈബർ പൊലീസ് അറിയിച്ചു.