Zygo-Ad

കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ മേല്‍പ്പാലം ആലോചനയില്‍: മന്ത്രി മുഹമ്മദ് റിയാസ്

                                                                                 


     കണ്ണൂർ: കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും കാല്‍ടെക്സ് ജംഗഷനില്‍ മേല്‍പ്പാലം പദ്ധതി സർക്കാരിന്‍റെ ആലോചനയിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കണ്ണൂർ മേലെചൊവ്വ മേല്‍പ്പാല നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മേല്‍പ്പാലം സമയ ബന്ധിതമായി പൂർത്തിയാക്കാൻ തന്‍റെ ഓഫീസ് നേരിട്ട് ഇടപെടലുകള്‍ നടത്തും. മേലെ ചൊവ്വ-മട്ടന്നൂർ വിമാനത്താവള റോഡ് ദേശീയപാത നിലവാരത്തിലേക്ക് വികസിപ്പക്കണമെന്ന് കേന്ദ്ര ഉപരിതല മന്ത്രി നിഥിൻ ഗഡ്കരിയോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ-തലശേരി റോഡിന്‍റെയും കണ്ണൂർ-ഇരിട്ടി റോഡിന്‍റെയും സംഗമ സ്ഥലമായ മേലെ ചൊവ്വ എൻഎച്ച്‌ 66 സംസ്ഥാന പാത, വിമാനത്താവള റോഡ് എന്നിവയെല്ലാം ചേരുന്ന സ്ഥലം ജില്ലയിലെ ഏറ്റവും വാഹനപ്പെരുപ്പമുള്ള കവലയാണ്. 


കണ്ണൂർ നഗര വികസന പദ്ധതി തയാറാക്കുന്പോള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അണ്ടർപാസ് എന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ നഗരത്തിലേക്ക് കുടിവെള്ള പൈപ്പുകള്‍ കടന്നുപോകുന്ന സ്ഥലമായതിനാല്‍ മേല്‍പ്പാലമാക്കി മാറ്റുകയാണ് ചെയ്തത്. കണ്ണൂർ നഗരറോഡ് വികസന പദ്ധതി ഉള്‍പ്പെടെ യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. 748 കോടിയുടെ നഗരറോഡ് വികസന പദ്ധതിയില്‍ 200 കോടി രൂപ നഷ്ട പരിഹാരത്തിനായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 


ചൊവ്വ റൂറല്‍ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.മേയർ മുസ്‌ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആർബിഡിസികെ എംഡി എസ്‌.സുഹാസ്, കോർപറേഷൻ കൗണ്‍സിലർമാരായ സി.എം. പത്മജ, പ്രകാശൻ പയ്യനാടൻ, 


കണ്ണൂർ മണ്ഡലം വികസന സമിതി കണ്‍വീനർ എൻ.ചന്ദ്രൻ, ആർബിഡിസികെ ഡെപ്യൂട്ടി ജിഎം എ.എ. അബ്ദുല്‍ സലാം, എഡിഎം കെ.നവീൻബാബു,എം.കെ. മുരളി, വെള്ളോറ രാജൻ, സി.എം.ഗോപിനാഥ്, അബ്ദുള്‍ കരീം ചേലേരി, കെ.കെ.ജയപ്രകാശ്, കെ.എ. ഗംഗാധരൻ, പി.പി. ദിവാകരൻ, കെ.പി. പ്രശാന്തൻ, ബിനില്‍, ഹമീദ് ചെങ്ങളായി, ഡോ.ജോസഫ് തോമസ്, രതീഷ് ചിറക്കല്‍, ടി.കെ രമേഷ് കുമാർ പ്രസംഗിച്ചു.

Previous Post Next Post