കണ്ണൂർ : കണ്ണൂർ റൂറൽ പോലീസ് പരിധിയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് ഏഴരക്കോടിയോളം രൂപ. ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ ചെറുതും വലുതുമായ മുന്നൂറോളം സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റൂറൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിൽ 3.75 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ സാധിച്ചു. ഓൺലൈൻ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടിയും വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് 13.75 ലക്ഷം രൂപയും തട്ടിയതായി കണ്ണൂർ റൂറൽ എസ്.പി. എ. ഹേമലത അറിയിച്ചു.
ഓൺലൈൻ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയിൽ 64 ലക്ഷം രൂപയും ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയിൽനിന്ന് 32 ലക്ഷം രൂപയും തട്ടിയെടുത്തു.ഓൺലൈൻ ഷോപ്പിങ് ആപ്പിൽ പ്രോഡക്ട് കാർട്ട് ചെയ്താൽ പണം ലഭിക്കും എന്നു പറഞ്ഞ് മാട്ടൂൽ സ്വദേശിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറന്റുണ്ടെന്നു പറഞ്ഞാണ് പയ്യന്നൂരിലെ ഡോക്ടറിൽനിന്നും 10 ലക്ഷം രൂപയുമാണ് തട്ടിയത്. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് വാട്‌സാപ്പിലൂടെയാണ് സംഘം സംസാരിച്ചത്. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.