സിഡ്നിയില്‍ തിരയില്‍പെട്ട് രണ്ട് മലയാളി യുവതികള്‍ മുങ്ങിമരിച്ചു. കണ്ണൂർ നടാല്‍ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു.
കടല്‍ തീരത്തെ പാറക്കെട്ടില്‍ ഫോട്ടോ എടുക്കാൻ കയറിയപ്പോഴാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം.മൂന്ന് യുവതികള്‍ ഒഴുക്കില്‍പ്പെട്ടതായി പൊലീസ് -ഫയർഫോഴ്സ് സംഘത്തിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്നുപേരെയും കടലില്‍ കണ്ടെത്തുന്നത്.
ഇരുവരും അപ്പോഴേക്കും പൂർണമായും അബോധാവസ്ഥയിലായിരുന്നു.കരക്കെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാറക്കെട്ടില്‍ പിടിച്ച് കിടക്കാൻ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാള്‍ക്ക് ജീവൻ തിരിച്ചു കിട്ടിയതെന്നാണ് റിപ്പോർട്ട്. ഖബറടക്കം സിഡ്നിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ സൗദി മുൻ കെ.എം.സി.സി നേതാവായിരുന്ന സി ഹാഷിമിന്റെയും കണ്ണൂർ കോർപറേഷൻ കൗണ്‍സിലറുമായ ഫിറോസ ഹാഷിമിൻ്റെയും മകളാണ് മർവ.
ഓസ്ട്രേലിയയിലെ പെർത്തില്‍ നടന്ന CAA, NRC വിരുദ്ധ പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച മുൻ നിര സംഘാടകയും കൂടിയായിരുന്നു മർവ ഹാഷിം. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ മാസ്റ്റർ ഓഫ് സസ്ടൈനബിലിറ്റിയില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിരുന്നു.ഹംദാന്‍, സല്‍മാന്‍, വഫ എന്നിവരാണ് മർവയുടെ മക്കള്‍.സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി (ബിടെക് വിദ്യാര്‍ഥി).
എ.എസ്. റഹ്മാനും ലൈലയുമാണ് നരെഷയുടെ മാതാപിതാക്കള്‍. മക്കള്‍: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്.സഹോദരങ്ങള്‍: ജുഗല്‍, റോഷ്‌ന .