പയ്യന്നൂർ: പയ്യന്നൂരിൽ വീട്ടുകാർ വിനോദയാത്രക്ക് പോയ സമയത്ത് വീടിന്റെ താക്കോൽ കൈക്കലാക്കിയ യുവാവ് കാമുകിയായ യുവതിയെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം ആൺസുഹൃത്ത് സ്ഥലം വിടുകയും 22 കിലോമീറ്റർ അകലെയുള്ള വീട്ടുപറമ്പിലെ മരത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണം അന്തിമഘട്ടത്തിൽ. ഇന്നലെ രാവിലെയാണ് അന്നൂർ കൊരവയൽ റോഡിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടിൽ ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നതിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. മാതമംഗലം ഇരുൾ വെള്ളരിയാനം സ്വദേശിയും ടാപ്പിംഗ് ജോലിചെയ്യുന്ന യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന് പിന്നിൽ ആൺ സുഹൃത്താണെന്ന് കേസന്വേഷണ ചുമതലയുണ്ടായിരുന്ന പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. മാതമംഗലം കോയിപ്രയിലെ ടി.വി.ബിജുവിൻ്റെ ഭാര്യയും രണ്ടു മക്കളുടെ മാതാവുമായ അനില ( 33 )യുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. അനിലയുടെ ആൺ സുഹൃത്തായ മാതമംഗലം കുറ്റൂർ വെള്ളരിയാനം ഇരുളിലെ കുരിയംപ്ലാക്കൽ സുദർശന പ്രസാദ് എന്നഷിജുവിനെ (34) ടാപ്പിംഗ് നടത്തുന്ന റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
അന്നൂരിലെ വീട്ടുടമസ്ഥനും കുടുംബവും വീടിന്റെ താക്കോൽ പരിചയക്കാരനായ സുദർശന പ്രസാദിനെയാണ് ഏൽപ്പിച്ചിരുന്നത്.വീട്ടിൽ വളർത്തുനായകൾ ഉള്ളതിനാൽ അവയ്ക്ക് തീറ്റ നൽകാനും ഏർപ്പാടാക്കിയിരുന്നു. എട്ടാം തീയതി തിരിച്ചെത്തുന്ന തരത്തിലായിരുന്നു വീട്ടുകാർ യാത്ര പോയത്.മാതമംഗലത്തെ വീട്ടിൽ നിന്നും രാവിലെ
8.30 മണിയോടെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ജോലിക്കുപ്പോയ അനില 10
മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പയ്യന്നൂർ കൊരവയലിലെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി.മണിക്കൂറുകൾക്കുള്ളിൽ കൊലപാതകം നടത്തിയതിൻ്റെ തെളിവുകളും പോലീസ് കണ്ടെത്തി.ഷാൾ കഴുത്തിൽ കുരുക്കി വീടിന്റെ അടുക്കള ഭാഗത്ത് വെച്ചാണ് പ്രതികൃത്യം നിറവേറ്റിയത്. ശനിയാഴ്ച് മൂന്ന് മണിക്ക് മുമ്പേ യുവതിയുടെ മരണം സംഭവിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കൃത്യം നടത്തിയ പ്രതി വീട്ടിൽ നിന്നും മുങ്ങിയ ശേഷം പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽ നിന്നും വൈകുന്നേരം 4 മണിക്ക് കയർ വാങ്ങിയതായി പരിയാരം പോലീസും കണ്ടെത്തിയിട്ടുണ്ട്. ഈ കയറാണ് തൂങ്ങി മരിക്കാൻ ഉപയോഗിച്ചത്. ശനിയാഴ്‌ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പോലീസ് നിഗമനം. വീട്ടിലെത്തിയശേഷം അനിലയെ എന്തോ ആവശ്യം പറഞ്ഞ് അടുക്കളയിലേക്ക് പറഞ്ഞയച്ച സുദർശന പ്രസാദ് പിറകിൽനിന്നും ഷാളിട്ടുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിടിവലി നടന്നതിന്റെ ലക്ഷങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വീഴ്ചയിൽ മൂക്കിൽനിന്നും കുമിളകൾ വരുന്ന നിലയിലും കൺതടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലർന്നുകിടക്കുന്നതായും കണ്ടെത്തിയ മൃതദേഹത്തിൻ്റെ മുഖം ഷാളുകൊണ്ട് മറച്ച നിലയിലായിരുന്നു.
അനിലയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അന്നൂരിലെ വീട്ടിൽനിന്നും എത്ര മണിക്കാണ് പുറത്തേക്ക് പോയതെന്നും കൂടെ ആരെങ്കിലുമുണ്ടായിരുന്നോവെന്ന് കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. പഠനകാലത്തെ അടുപ്പമാണ് സുദർശന പ്രസാദും മാതമംഗലത്തെ ഫർണീച്ചർ ഷോപ്പിൽ ജോലിചെയ്യുന്ന അനിലയും തമ്മിലുള്ള പ്രണയമായി വളർന്നതെന്നും ദാമ്പത്യത്തിലെ തകർച്ചകൾക്ക് കാരണമായതെന്നുമാണ് പുറത്തുവരുന്ന വിവരം.
ഇക്കാരണത്താൽ സുദർശന പ്രസാദിന്റെ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളിൽനിന്നകന്ന് സമീപകാലത്തായി ഏറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോവിഷമമായിരിക്കാം ക്രൂരകൃതത്തിന് ശേഷം ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്നവിവരം.