കണ്ണൂർ: കാസർഗോഡ് നിന്നും കാണാതായ യുവതിയെ ഫോണ്‍ കോളുകളിലൂടെ മാത്രം പിന്തുടർന്ന് നിമിഷ നേരം കൊണ്ട് കണ്ടെത്തി കണ്ണൂർ സിറ്റി ഡിഎച്ച്‌ക്യൂ സബ് ഇൻസ്പെക്ടർ പ്രതീഷ്.
ബസ് യാത്രയ്ക്കിടയിലാണ് തന്റെ ഔദ്യോഗിക വൈദഗ്ധ്യം ഉപയോഗിച്ച് എസ് ഐ ഈ നിർണ്ണായക ഇടപെടല്‍ നടത്തിയത്.
കാസർഗോഡ് സ്വദേശിനിയായ യുവതിയെ സുഹൃത്തിനൊപ്പം കാണാതായതിനെത്തുടർന്ന് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.
ഇവർ ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ചതായി പ്രാഥമിക വിവരം ലഭിച്ച ഉടൻ കാസർഗോഡ് റെയില്‍വേ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രകാശൻ തന്റെ സുഹൃത്തായ സബ് ഇൻസ്പെക്ടർ പ്രതീഷിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്ന് പിണറായി പിഎച്ച്‌സിയിലെ ഡോക്ടർ ഷിതാ രമേശ് ആണ് യാത്രക്കാരുടെ പാസ് സാക്ഷ്യപ്പെടുത്തിയത് എന്ന് പ്രതീഷ് മനസ്സിലാക്കി. ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുകയും യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അർജുൻ മുഖേന അന്വേഷണം നടത്തിയപ്പോള്‍ യുവതി യുവാവിന്റെ വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇവരോട് പിണറായി പോലീസ് സ്റ്റേഷനില്‍ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ പോലീസ് നിർദ്ദേശം നല്‍കി.
