കൊട്ടിയൂർ (കണ്ണൂർ): കൊട്ടിയൂർ ചുങ്കക്കുന്നിൽ ജനവാസമേഖലയിലിറങ്ങിയ വന്യജീവി തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ കടിച്ചുകൊന്നു. ചുങ്കക്കുന്ന് സ്വദേശി പുതനപ്ര അനിലിന്റെ ഉടമസ്ഥതയിലുള്ള ആടുകളാണ് വന്യജീവിയുടെ ആക്രമണത്തിൽ ചത്തത്.
ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ 4.30-ഓടെയാണ് സംഭവം. പുലർച്ചെ തൊഴുത്തിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആടുകളെ ആക്രമിച്ചത് ചെന്നായയാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വന്യജീവി ഭീതി നിലനിൽക്കുകയാണ്.
