കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചികിത്സയിലെ ഗുരുതരമായ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്നും, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമ്മീഷൻ കണ്ടെത്തി.
സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് കാട്ടി കേസ് അവസാനിപ്പിച്ച ജില്ലാ മെഡിക്കൽ ഓഫീസർക്കും പോലീസിനും ഡോക്ടർക്കോ സ്ഥാപനത്തിനോ രജിസ്ട്രേഷനുണ്ടോ എന്ന് പോലും അന്വേഷിക്കാൻ സാധിച്ചില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ രൂക്ഷമായി വിമർശിച്ചു. കേസിൽ അടിയന്തരമായി തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
2024 ജൂലൈയിലാണ് കണ്ണൂരിലെ പ്രിയ ഇ.എൻ.ടി. ക്ലിനിക്കിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ കണ്ണൂർ സ്വദേശി സൂര്യജിത്ത് (17) മരണമടഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം നാൾ രക്തം ഛർദ്ദിച്ച കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് പരിശോധന നടത്തുകയും ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
