കണ്ണൂർ: മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നടപ്പാക്കുന്ന ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രിയുടെ പുതിയ കണക്കുകൾ പുറത്തുവന്നു. 2015 മുതൽ 2020 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം ജില്ലയിലെ പുരുഷന്മാരിൽ ശ്വാസകോശ കാൻസറാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ആമാശയം, മലാശയം, പ്രോസ്റ്റേറ്റ്, കരൾ എന്നിവിടങ്ങളിലെ അർബുദങ്ങളാണ് പുരുഷന്മാരിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റു രോഗങ്ങൾ.
സ്ത്രീകളിൽ സ്തനാർബുദമാണ് ഏറ്റവും കൂടുതൽ. ശ്വാസകോശാർബുദം, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ, തൈറോയ്ഡ് കാൻസർ എന്നിവയും സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. രാജ്യത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കണ്ണൂരിലെ പുരുഷന്മാരിൽ ശ്വാസകോശാർബുദം കൂടുതലാണെന്നും സ്ത്രീകളിലെ പ്രധാനപ്പെട്ട അഞ്ച് അർബുദങ്ങളിൽ ശ്വാസകോശാർബുദം ഉൾപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗർഭാശയഗള കാൻസർ കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും റിപ്പോർട്ടിലുണ്ട്.
എഡിഎം കെ. ബാലഗോപാലന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗമാണ് കണക്കുകൾ വിലയിരുത്തിയത്. രോഗബാധയുടെ കാരണങ്ങൾ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പഠനങ്ങൾ അനിവാര്യമാണെന്നും, ഇത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും നേരത്തെയുള്ള രോഗനിർണയത്തിനും സഹായകരമാകുമെന്നും യോഗം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. വിവേക് കുമാർ, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, സാമൂഹ്യനീതിവകുപ്പ് ഓഫീസർ പി. ബിജു എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
