പയ്യന്നൂർ (കണ്ണൂർ): ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ അമിതമായി ചൂടായി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വീട്ടിലെ ഫർണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും കത്തിനശിച്ചു. പയ്യന്നൂർ ശാന്തിഗ്രാമത്തിലെ വി.പി. പ്രസന്നകുമാറിന്റെ 'ഉഷസ്സ്' വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.
ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വെച്ചിരുന്ന ലാപ്‌ടോപ്പ് അമിതമായി ചൂടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലാപ്‌ടോപ്പ് ചാർജ് ചെയ്യാൻ വെച്ച ശേഷം വീട്ടുകാർ വീട് പൂട്ടി പുറത്തുപോയിരുന്നു. ഇവർ തിരികെയെത്തിയപ്പോഴാണ് വീടിനുള്ളിൽ തീപിടിച്ച വിവരം ശ്രദ്ധയിൽപ്പെട്ടത്. അപകടത്തിൽ ലാപ്‌ടോപ്പ്, സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ തൂക്കിയിരുന്ന ഫോട്ടോകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു.
വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.വി. ദയാൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജോബിമോൻ ജോർജ്, യു.കെ. ലിജീഷ്, ബി. കണ്ണൻ, ഹോം ഗാർഡുമാരായ മാത്യു ജോർജ്, വി.എൻ. രവീന്ദ്രൻ, എം.വി. ശ്രീകാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
