Zygo-Ad

മാതൃകയാകുന്ന സത്യസന്ധത: പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ലഭിച്ച അഞ്ചേമുക്കാൽ പവൻ സ്വർണം തിരികെ നൽകി ഹരിതകർമസേന

 


കണ്ണൂർ: മോഷ്ടാക്കളെ ഭയന്ന് വീട്ടമ്മ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ഒളിപ്പിച്ചുവെച്ച അഞ്ചേമുക്കാൽ പവൻ സ്വർണാഭരണങ്ങൾ, വിവരമറിയാതെ ഭർത്താവ് ഹരിതകർമസേനയ്ക്ക് കൈമാറി. എന്നാൽ മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വർണം ഉടമയ്ക്ക് തന്നെ തിരികെ നൽകി ഹരിതകർമസേനാംഗങ്ങൾ മാതൃകയായി. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര വാർഡിലാണ് സംഭവം നടന്നത്.

പാറയ്ക്കൽ വിജയമ്മയുടെ വീട്ടിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പമാണ് സ്വർണം ഉണ്ടായിരുന്നത്. മോഷ്ടാക്കളെ ഭയന്നാണ് വിജയമ്മ താലിമാലയും രണ്ട് വളകളും ഒരു മോതിരവുമടങ്ങുന്ന ആഭരണങ്ങൾ ഒരു പഴ്സിലാക്കി പ്ലാസ്റ്റിക് ശേഖരത്തിൽ ഒളിപ്പിച്ചത്. വിജയമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇതറിയാതെ ഭർത്താവ് ശിവദാസൻ മാലിന്യശേഖരം ഹരിതകർമസേനയ്ക്ക് കൈമാറുകയായിരുന്നു.

തുടർന്ന് മാലിന്യം തരംതിരിക്കുന്നതിനിടെയാണ് ഹരിതകർമസേനാംഗങ്ങളായ അരുണകുമാരിയും ജി. ഗീതുവും സ്വർണം കണ്ടെത്തിയത്. ഉടൻതന്നെ ഇവർ വിവരം അധികൃതരെ അറിയിച്ചു. വാർഡ് മെമ്പർ പി.പി. സുഭാഷിന്റെ സാന്നിധ്യത്തിൽ സ്വർണം വിജയമ്മയ്ക്ക് തിരികെ ഏൽപ്പിച്ചു. നേരത്തേ കൊട്ടിയൂർ ഉത്സവത്തിന് ശുചീകരണത്തിനിടെ കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാലയും ചപ്പാരപ്പടവ് ഹരിതകർമസേനാംഗങ്ങൾ ഉടമയ്ക്ക് തിരികെ നൽകിയിരുന്നു.



Previous Post Next Post