തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന കോടതി വിധി സ്വാഗതം ചെയ്യുന്നതായി ധനരാജിന്റെ ഭാര്യ എൻ.വി. സജിനി. വിധി കേൾക്കാനായി കോടതിയിലെത്തിയ അവർ വികാരവിക്ഷുബ്ധയായാണ് പ്രതികരിച്ചത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും, കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുന്നതിനായി മേൽക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും സജിനി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ധനരാജ് വധക്കേസിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി രാമന്തളി സ്വദേശി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്കെതിരായ കൊലപാതകക്കുറ്റം സംശയാതീതമായി തെളിഞ്ഞു. അതേസമയം, നാല് മുതൽ ഇരുപത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് നിരീക്ഷിച്ച കോടതി, മൂന്നാം പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും ചൂണ്ടിക്കാട്ടി. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിൽ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കുമുള്ള ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.
