കണ്ണൂർ: കേരളത്തിൽ പുതുതായി ആരംഭിക്കുന്ന സ്വകാര്യ സർവകലാശാല കണ്ണൂരിൽ സ്ഥാപിക്കാൻ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചു.
സർവകലാശാലാ രൂപീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർവകലാശാലാ സെനറ്റ് അംഗം എം.പി.എ. റഹീമിന്റെ നേതൃത്വത്തിൽ ഉന്നത അധികാര സമിതിക്ക് രൂപം നൽകി. വി.സി. ഷറഫുദ്ദീൻ, സജു ജോസ്, ബി.എം. അഷ്റഫ്, എ. പ്രാദോഷ്, എം.വി. നവാസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സർവകലാശാലകളുടെ അക്കാദമിക്, അക്കാദമിക്കേതര പ്രവർത്തനങ്ങൾ, വരുത്തേണ്ട പരിഷ്കാരങ്ങൾ, സ്റ്റാറ്റ്യൂട്ട് ആക്ട് ഭേദഗതികൾ, പരീക്ഷാ നടത്തിപ്പിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി എന്നിവർക്ക് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
