Zygo-Ad

മുൻ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെ.എസ്.യു. നേതാക്കൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകി


കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ്.യു. നേതാക്കൾ സി.ഐ. യു. പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരായി മൊഴി നൽകി. രാവിലെ 11 മണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ ഉച്ചയ്ക്ക് 2.30 വരെ നീണ്ടുനിന്നു.

കരിങ്കൊടി കാണിച്ച് മാത്രമാണ് പ്രതിഷേധിച്ചതെന്നും തങ്ങളുടെ പക്കൽ യാതൊരുവിധ ആയുധങ്ങളും ഉണ്ടായിരുന്നില്ലെന്നും നേതാക്കൾ മൊഴി നൽകി. മുൻ മന്ത്രിയും ഗൺമാനും നൽകിയ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഉൾപ്പെടെയുള്ള 5 കെ.എസ്.യു. നേതാക്കൾക്ക് 16 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്നതെന്നും ഇവർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി.എച്ച്., അഹമ്മദ് യാസീൻ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഈ കേസിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരണമെന്ന് മൊഴിയെടുക്കലിന് ശേഷം കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ മാധ്യമങ്ങളോട് പറഞ്ഞു.


Previous Post Next Post