പരിയാരം: പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാര കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പരിയാരത്ത് പോലീസ് പിടിയിലായി. കൈതപ്രം കരിങ്കൽചാലിലെ എ.കെ. ഹരിദാസനെ (46) ആണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
പാണപ്പുഴ ആത്രിമാടം തൊണ്ടച്ചൻ ദൈവസ്ഥാനത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പതിനായിരം രൂപയോളം കവർന്ന കേസ്സിലാണ് അറസ്റ്റ്. ഒക്ടോബർ 19-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്രം ഭാരവാഹിയും പാണപ്പുഴ കച്ചേരികടവ് സ്വദേശിയുമായ കെ. നാരായണന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിലെ നിരവധി ക്ഷേത്രങ്ങളിൽ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങിയാൽ വീണ്ടും മോഷണം നടത്തി ജയിലിലേക്ക് തന്നെ മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
