Zygo-Ad

തളിപ്പറമ്പിൽ വൻ തീപിടുത്തം ഒഴിവായി: കെട്ടിടത്തിൽ നിന്ന് എൽപിജി സിലിണ്ടറുകൾ പുറത്തെടുത്തു


തളിപ്പറമ്പിൽ ഒരു വർഷം മുൻപുണ്ടായ വൻ തീപിടുത്തത്തിന്റെ ഓർമ്മകൾ നിലനിൽക്കെ, മറ്റൊരു ദുരന്തത്തിൽ നിന്ന് നഗരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയിലെ ഷോപ്രിക്സ് സൂപ്പർമാർക്കറ്റിന് സമീപമുള്ള പേരക്ക റസ്റ്റോറന്റിൽ ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് തീപിടുത്തമുണ്ടായത്.

കടയടച്ചു പോകുമ്പോൾ അണയ്ക്കാതിരുന്ന അൽഫാം അടുപ്പിൽ നിന്ന് തീപ്പൊരി പടർന്ന് സമീപത്തെ ഫ്ലക്സ് ബോർഡിലേക്ക് തീ പിടിക്കുകയായിരുന്നു. റോഡ് പണിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് ആദ്യം തീ കണ്ടത്. ഇവർ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സർവീസ് വയറുകൾ ഉരുകി ഷോർട്ട് സർക്യൂട്ട് സംഭവിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ സുനിൽ കുമാർ, സി കെ ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം കെഎസ്ഇബി അധികൃതരെ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തീ പൂർണ്ണമായും അണച്ചു. കത്തിക്കൊണ്ടിരുന്ന അടുപ്പിന് സമീപത്തുണ്ടായിരുന്ന മൂന്ന് എൽപിജി സിലിണ്ടറുകൾ അഗ്നിരക്ഷാ സേന സമയബന്ധിതമായി പുറത്തെത്തിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

രാത്രി സമയമായതും മഴ പെയ്തതിനെ തുടർന്ന് അന്തരീക്ഷത്തിൽ ചൂട് കുറവായിരുന്നതും തീ പെട്ടെന്ന് പടരാതിരിക്കാൻ കാരണമായി. അഗ്നിരക്ഷാ സേന പരിശോധനകളും ബോധവൽക്കരണ ക്ലാസുകളും നൽകിയിട്ടും വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രദ്ധക്കുറവ് ആശങ്കയുയർത്തുന്നുണ്ട്. തീപിടിച്ച കെട്ടിടത്തിന്റെ മുകൾ നിലയിലും സ്റ്റെയർകേസുകളിലും പ്ലാസ്റ്റിക്, കാർഡ്ബോർഡ് വേസ്റ്റുകളും മറ്റ് സാധനങ്ങളും സുരക്ഷിതമല്ലാത്ത രീതിയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

 

Previous Post Next Post