കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്റ്റേഡിയം കോർണറിൽ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽസ് കട കത്തിനശിച്ചു. 'സാംസൺ ഒപ്റ്റിക്കൽസ്' എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച രാത്രി 11 മണിയോടെ തീപിടുത്തമുണ്ടായത്.
അഗ്നിബാധയിൽ കട പൂർണ്ണമായും കത്തിനശിച്ചു. തീ പടർന്നുപിടിച്ചതിനെ തുടർന്ന് സമീപത്തുള്ള 'നാഷണൽ മെഡിക്കൽസ്' എന്ന സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്.
തീപിടുത്ത വിവരമറിഞ്ഞ് മേയർ പി. ഇന്ദിര, കോർപറേഷൻ കൗൺസിലർമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
