കണ്ണൂർ: അങ്കണവാടി കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ ബാല്യസ്പന്ദനം പദ്ധതി ജില്ലയിൽ ഊർജ്ജിതമായി മുന്നേറുന്നു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇരുന്നൂറ്റി അൻപത്തിനാല് അങ്കണവാടികളിലായി ഇതുവരെ പതിനേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് കുട്ടികളിൽ ആരോഗ്യപരിശോധന നടത്തി. കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.
കുട്ടികളുടെ സമഗ്രമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ കേരള വനിതാ-ശിശുവികസന വകുപ്പും ആരോഗ്യ-കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് ബാല്യസ്പന്ദനം പദ്ധതി. ആരോഗ്യമുള്ള ബാല്യം ശക്തമായ ഭാവി എന്ന സന്ദേശവുമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി വിഷൻ ഇരുപത്തി ഒന്നിനായിരത്തി മുപ്പതിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള അങ്കണവാടി കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ വളർച്ച ലക്ഷ്യമിട്ടുള്ള സമഗ്ര ആരോഗ്യപരിരക്ഷാ പദ്ധതിയാണിത്. കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാതെ തന്നെ ആരോഗ്യപ്രവർത്തകർ നേരിട്ട് അങ്കണവാടികളിലെത്തി എല്ലാ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
പോഷകാഹാരക്കുറവ്, വിളർച്ച, കാഴ്ച-കേൾവി പരിമിതികൾ, ഭിന്നശേഷിത്വം, മറ്റ് ശാരീരിക-മാനസിക വളർച്ചാവ്യതിയാനങ്ങൾ എന്നിവ പ്രാരംഭഘട്ടത്തിൽത്തന്നെ തിരിച്ചറിയാൻ ഇതുവഴി കഴിയും. പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്ന കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നതാണ് അടുത്ത ഘട്ടം. കുട്ടികളുടെ ഉയരം, ഭാരം, ശാരീരിക വളർച്ച, പോഷകാഹാര നിലവാരം എന്നിവ കൃത്യമായി രേഖപ്പെടുത്തി പ്രശ്നങ്ങളുള്ള കുട്ടികൾക്ക് തുടർ ചികിത്സയും ലഭ്യമാക്കും. ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹകരണത്തോടെ കൃത്യമായ ഫോളോഅപ്പും സൗജന്യ തുടർചികിത്സയും ഉറപ്പാക്കുകയും ചെയ്യും.
പോഷകാഹാരം, വ്യക്തിശുചിത്വം, പ്രതിരോധ കുത്തിവെപ്പുകൾ, ദന്താരോഗ്യം എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികളുടെ പരിചരണത്തിൽ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികളും ജില്ലയിൽ പുരോഗമിക്കുകയാണ്.
