Zygo-Ad

കനത്ത മഴയിലും കാറ്റിലും കണ്ണൂർ നഗരം സ്തംഭിച്ചു; ഗതാഗതവും നിർമ്മാണ പ്രവൃത്തികളും തടസ്സപ്പെട്ടു


കണ്ണൂർ: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും കണ്ണൂർ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. തുടർച്ചയായി ഒരു മണിക്കൂറോളം പെയ്തിറങ്ങിയ പ്രളയസമാനമായ മഴ നഗര ഗതാഗതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.

മഴ കനത്തതോടെ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞു. മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. റെയിൽവേ വളപ്പിൽ പുരോഗമിക്കുന്ന ഓവർ ബ്രിഡ്ജ് നിർമ്മാണം ഉൾപ്പെടെയുള്ള വികസന പ്രവൃത്തികൾ മഴയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.

കണ്ണൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും പതിവ് വെള്ളക്കെട്ടുള്ള മേഖലകളിലും സ്ഥിതി വഷളായി. റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിലടക്കം വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ വലച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ ശക്തമായ മഴയാണ് നഗരത്തിൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമായത്.

Previous Post Next Post