Zygo-Ad

ഖത്തറിലെ മലയാളി ആരോഗ്യപ്രവർത്തകരുടെ പിരിച്ചുവിടൽ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി


തലശ്ശേരി: ഖത്തറിലെ പ്രമുഖ പൊതുജനാരോഗ്യ സ്ഥാപനമായ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (എച്ച്.എം.സി) നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടുന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നയതന്ത്ര വിഭാഗങ്ങളുടെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ, മുഖ്യമന്ത്രി വി. ഡി. സതീശൻ എന്നിവർക്ക് എം.പി സന്ദേശമയച്ചു.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ട് മാസത്തെ നോട്ടീസ് നൽകിയാണ് എച്ച്.എം.സി പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചിട്ടുള്ളത്. പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ 60 ദിവസത്തിനകം നിലവിലെ താമസസൗകര്യങ്ങൾ ഒഴിഞ്ഞ് കുടുംബസമേതം നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യമാണ് പ്രവാസികൾ നേരിടുന്നത്. തൊഴിൽ നഷ്ടപ്പെടുന്നതിന് പുറമെ, വരാനിരിക്കുന്ന മാർച്ച് മാസത്തിൽ പത്താം ക്ലാസ് പബ്ലിക് പരീക്ഷ എഴുതാനിരിക്കുന്ന നൂറിലധികം വിദ്യാർത്ഥികളുടെ അധ്യയന വർഷം തന്നെ തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.

അധ്യയന വർഷത്തിന്റെ മധ്യത്തിൽ സി.ബി.എസ്.ഇ നിബന്ധനകൾ കാരണം നാട്ടിലെ സ്കൂളുകളിൽ പുതിയ പ്രവേശനം നേടുക പ്രായോഗികമല്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, പത്താം ക്ലാസ് പരീക്ഷകൾ പൂർത്തിയാകുന്ന മാർച്ച് മാസം വരെയെങ്കിലും തൊഴിലാളികളുടെ നോട്ടീസ് കാലാവധിയും താമസസൗകര്യവും നീട്ടി നൽകാൻ ഖത്തർ സർക്കാരുമായും എച്ച്.എം.സി മാനേജ്‌മെന്റുമായും ചർച്ചകൾ നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. കൂടാതെ, നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് വർഷം നഷ്ടപ്പെടാതെ പ്രവേശനം ലഭിക്കുന്നതിന് സി.ബി.എസ്.ഇ, വിദേശകാര്യ മന്ത്രാലയം എന്നിവ വഴി ആവശ്യമായ ഇളവുകൾ അനുവദിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post