കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്റെ നിയമനക്കേസില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റാൻ ഒരുങ്ങി കണ്ണൂർ സർവകലാശാല. പ്രിയ വർഗീസിന് ആവശ്യമായ യോഗ്യതയില്ലെന്നും നിയമനം സുതാര്യമായിരുന്നില്ലെന്നുമുള്ള നിലപാട് സർവകലാശാല കോടതിയെ അറിയിക്കുമെന്നാണ് വിവരം. കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് സർവകലാശാലയുടെ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കൗൺസലിനെയും മാറ്റിയിട്ടുണ്ട്.
അധ്യാപന പരിചയത്തിന്റെ കാര്യത്തിൽ പി.എച്ച്.ഡി പഠനകാലം കണക്കാക്കാമോ എന്നതാണ് കേസിലെ പ്രധാന തർക്കവിഷയം. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ യു.ജി.സിയും ഡോ. ജോസഫ് സ്കറിയയും നൽകിയ ഹർജികൾ ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
നേരത്തെ നിയമനം ചട്ടപ്രകാരമാണെന്ന് വാദിച്ച സർവകലാശാലയാണ് ഇപ്പോൾ പുതിയ നിലപാട് സ്വീകരിക്കുന്നത്. മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം സഹയാത്രികനുമായ കെ.ആർ. സുഭാഷ് ചന്ദ്രന് പകരം സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ പി.എസ്. സുൾഫിക്കർ അലിയെയാണ് കേസുകൾ ഏൽപ്പിച്ചിരിക്കുന്നത്. സർവകലാശാലയുടെ ഈ മാറ്റം കേസിൽ നിർണായകമാകും.
