Zygo-Ad

ദേശീയപാത വികസനം: കണ്ണൂർ ജില്ലയിലെ മൂന്ന് ബൈപാസുകളുടെ പൂർത്തീകരണ കാലാവധി നീട്ടി


കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് പ്രധാന ബൈപാസുകളുടെ നിർമ്മാണ കാലാവധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീട്ടി നൽകി. നീലേശ്വരം - തളിപ്പറമ്പ്, തളിപ്പറമ്പ് - മുഴപ്പിലങ്ങാട് റീച്ചുകളിലായി നിർമ്മിക്കുന്ന പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ ബൈപാസുകളുടെ കാലാവധിയാണ് നീട്ടിയത്. ഇതോടെ ജില്ലയിലെ പ്രമുഖ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശമനമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

പുതുക്കിയ നിബന്ധനകൾ പ്രകാരം നീലേശ്വരം - തളിപ്പറമ്പ് റീച്ചിലെ പ്രവൃത്തികൾ 2027 മാർച്ച് വരെയും, തളിപ്പറമ്പ് - മുഴപ്പിലങ്ങാട് റീച്ചിലെ പ്രവൃത്തികൾ 2028 മാർച്ച് വരെയുമാണ് നീട്ടി നൽകിയിരിക്കുന്നത്.

പ്രധാന ബൈപാസുകളും അവയുടെ വിവരങ്ങളും:

 * പയ്യന്നൂർ ബൈപാസ് (3.82 കി.മീ): കോത്തായിമുക്ക് പുതിയങ്കാവിൽ തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കുന്ന ഈ പാത പൂർത്തിയാകുന്നതോടെ പെരുമ്പ ജങ്ഷനിലെയും പയ്യന്നൂർ ടൗണിലെയും തിരക്കിന് പരിഹാരമാകും.

 * തളിപ്പറമ്പ് ബൈപാസ് (5.66 കി.മീ): യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ അപകടകരമായ വളവുകൾ ഒഴിവാക്കാനും പയ്യന്നൂർ - കണ്ണൂർ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താനും സാധിക്കും.

 * കണ്ണൂർ ബൈപാസ് (14.01 കി.മീ): പാപ്പിനിശ്ശേരി മുതൽ കിഴുത്തള്ളി വരെ നിർമ്മിക്കുന്ന ഈ വലിയ ബൈപാസ് കാൽടെക്സ് ജങ്ഷനെ ഒഴിവാക്കിയാണ് കടന്നുപോകുന്നത്. ഇത് പൂർത്തിയായാൽ പുതിയതെരു, പാപ്പിനിശ്ശേരി, കാൽടെക്സ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.



Previous Post Next Post