കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ജില്ലയിലുടനീളം 1,186 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 84 സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. 100 പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു ഈ ഒറ്റദിവസത്തെ വ്യാപക പരിശോധന.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, തട്ടുകടകൾ, ഐസ്-സോഫ്റ്റ് ഡ്രിങ്ക് നിർമ്മാണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. തളിപ്പറമ്പ്, പേരാവൂർ, മുണ്ടേരിമൊട്ട എന്നിവിടങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ പൂർണ്ണമായും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് ഉദ്യോഗസ്ഥർ അടപ്പിച്ചത്.
സ്ഥാപനങ്ങളിലെ ശുചിത്വമില്ലായ്മ, അശാസ്ത്രീയമായ മാലിന്യ സംസ്കരണം, പകര്‍ച്ചവ്യാധി ഭീഷണി സൃഷ്ടിക്കൽ, ആവശ്യമായ ലൈസൻസുകളുടെ അഭാവം എന്നിവ മുൻനിർത്തി പൊതുജനാരോഗ്യ നിയമപ്രകാരമാണ് 84 കടകൾക്കെതിരെ നടപടിയെടുത്ത് നോട്ടീസ് നൽകിയത്. ഇതോടൊപ്പം പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ കോട്പ നിയമപ്രകാരം 8,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
