തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ) എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കള്ളക്കടൽ പ്രതിഭാസമുള്ളപ്പോൾ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. ഹാർബറുകളിൽ മത്സ്യബന്ധന യാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാത്തവിധം സുരക്ഷിതമായ അകലത്തിൽ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.
