മട്ടന്നൂർ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിപുലമായ 'ഫുൾ സ്കെയിൽ എമർജൻസി എക്സർസൈസ്' (മോക്ക് ഡ്രിൽ) സംഘടിപ്പിച്ചു. സജ്ജീകരണങ്ങളുടെ ഭാഗമായി നടന്ന അടിയന്തര നീക്കങ്ങൾ കുറച്ചുനേരത്തേക്ക് വിമാനത്താവള ജീവനക്കാർക്കും യാത്രക്കാർക്കും പ്രദേശവാസികൾക്കും പരിഭ്രാന്തി സൃഷ്ടിച്ചു.
അബുദാബിയിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചെന്ന സന്ദേശത്തോടെയാണ് മോക്ക് ഡ്രില്ലിന് തുടക്കമായത്. തുടർന്ന് എയർപോർട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സംവിധാനം പ്രവർത്തനക്ഷമമാവുകയും ചെയ്തു. ഫയർ ഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ സംഘങ്ങൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്ന രംഗങ്ങൾ കൃത്രിമമായി പുനഃസൃഷ്ടിച്ചു.
അപകട സന്ദർഭങ്ങളിൽ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു വർഷത്തിലൊരിക്കലാണ് ഇത്തരം എക്സർസൈസുകൾ നടത്തുന്നത്. 45-ഓളം ഏജൻസികളിൽ നിന്നായി 500-ലധികം ആളുകൾ അഭ്യാസപ്രകടനത്തിൽ പങ്കാളികളായി. കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എയർപോർട്ട് എം.ഡി സി. ദിനേശ് കുമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
