കണ്ണൂർ: ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേരെ ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോകാൻ ശ്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രജിത്തിനെയാണ് (42) കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. മുൻപും മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ പരാതികൾ ഉണ്ടായിരുന്നു.
സെപ്റ്റംബർ 21-ന് കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചായിരുന്നു അപകടം. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയും പാർട്ട് ടൈം ജീവനക്കാരിയുമായ സ്വാതി (25), വഴിയാത്രക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് നിയന്ത്രണം വിട്ട കാർ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വാതിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
