കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പൊതുശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ശ്മശാന തൊഴിലാളിക്ക് ക്രൂരമർദ്ദനമേറ്റു. ശ്മശാന ജീവനക്കാരനായ ചാലാട് മണൽ സ്വദേശി രഞ്ജനാണ് (51) മർദ്ദനമേറ്റത്. കണ്ണിനും നെറ്റിക്കും പരിക്കേറ്റ ഇദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് മരണപ്പെട്ട ചാല സ്വദേശിനിയുടെ ബന്ധുക്കൾ മൂന്നാം ദിനത്തിലെ ബലികർമ്മങ്ങൾക്കായി രാവിലെ ഏഴുമണിയോടെ ശ്മശാനത്തിലെത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ തന്നെ ആരോ മൂടി അന്ത്യകർമ്മങ്ങൾ ചെയ്തതായി കണ്ടതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ശ്മശാന ജീവനക്കാർ ടോക്കൺ നൽകിയതിലുണ്ടായ പിഴവാണ് തെറ്റായ കളം മാറി ഉപയോഗിക്കാൻ ഇടയാക്കിയത്.
വിവരമറിഞ്ഞെത്തിയ കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തുകയും, കളം തുറന്ന് അസ്ഥികൾ എടുത്ത് പയ്യാമ്പലം കടലിൽ ഒഴുക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം പത്തുമണിയോടെ തിരിച്ചെത്തിയ ബന്ധുക്കളിൽ ചിലർ ജോലിയിലായിരുന്ന രഞ്ജനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ശ്മശാനത്തിൽ മണിക്കൂറുകളോളം മൃതദേഹങ്ങൾ സംസ്കരിക്കുന്നത് വൈകി. തുടർന്ന് കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, കൗൺസിലർമാരായ ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലൻ, മുഹമ്മദ് ഷിബിൽ, ക്ലീൻ സിറ്റി മാനേജർ രാജീവൻ എന്നിവർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പയ്യാമ്പലം ശ്മശാനത്തിലെ തുടർച്ചയായ വീഴ്ചകൾക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. കോടികൾ മുടക്കി നിർമ്മിച്ച വാതകശ്മശാനം ഇപ്പോഴും പ്രവർത്തനരഹിതമായി തുടരുകയാണ്.
