കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരം ശാസ്താംകോട്ടം അമ്പലത്തിന് താഴെ പഴശ്ശി ഓവർഹെഡ് കനാൽ തകർന്നു വീണു. അപകടസമയത്ത് പ്രദേശത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
തകർന്നുവീണ ഓവർഹെഡ് കനാലിന് താഴെയുള്ള റോഡിലൂടെ പ്രതിദിനം നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കാറുള്ളതാണ്. പഴശ്ശി കനാലിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന തകർച്ച പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് ടി.ഒ. മോഹനൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. പഴശ്ശി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അദ്ദേഹം, കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി തകർന്ന കനാൽ ഭാഗം അടിയന്തരമായി മുഴുവനായും പൊളിച്ചുമാറ്റാൻ നിർദേശം നൽകി.
