Zygo-Ad

കണ്ണൂർ നഗരസൗന്ദര്യവൽക്കരണം; ജിപിഎസ് സാങ്കേതികവിദ്യയോടെയുള്ള ക്ലോക്ക് ടവർ നാടിന് സമർപ്പിച്ചു


 കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ആദ്യഘട്ട ഭാഗമായി നിർമിച്ച ക്ലോക്ക് ടവർ മന്ത്രി കെ.എം. ഷാജി നാടിന് സമർപ്പിച്ചു. ഗാന്ധി സർക്കിൾ മുതൽ സ്പോർട്സ് സ്കൂൾ വരെയുള്ള പ്രദേശത്തെ വികസനത്തിന്റെ ഭാഗമായാണ് രണ്ടരക്കോടി രൂപ ചെലവിൽ ക്ലോക്ക് ടവർ ഉൾപ്പെടെയുള്ള നിർമാണങ്ങൾ പൂർത്തിയാക്കിയത്.

നഗരവികസനത്തിനായി ഫണ്ട് അടക്കമുള്ള എല്ലാ പിന്തുണയും ഉറപ്പുനൽകിയ മന്ത്രി, വിഷയത്തിൽ പ്രത്യേക ആലോചനാ യോഗം വിളിക്കുമെന്നും അറിയിച്ചു. മാലിന്യസംസ്കരണം, തെരുവുനായ ശല്യം തുടങ്ങിയ മേഖലകളിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന നയരൂപീകരണം അന്തിമഘട്ടത്തിലാണ്. കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകരുടെ വരുമാനം വർധിപ്പിക്കുന്ന രീതിയിൽ പദ്ധതികൾ പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. സുധാകരൻ എം.പി., അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ജി.പി.എസ് സംവിധാനവും സാറ്റലൈറ്റ് കണക്ടിവിറ്റിയുമുള്ള ക്ലോക്ക് ടവർ, അലങ്കാര വിളക്കുകൾ, ടൈൽ പാകിയ ഭിന്നശേഷി സൗഹൃദ ഫുട്പാത്തുകൾ, കൈവരികൾ എന്നിവയാണ് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Previous Post Next Post